‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് തോന്നിയിട്ടില്ല; പ്രയാഗ മാര്‍ട്ടിന്‍

താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്നു തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. സിനിമയിലെ പുരുഷാധിപത്യ പ്രവണതയെക്കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും പ്രയാഗയെ കണ്ടില്ലെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിയാതിരുന്നത് പഠനത്തിരക്കുകള്‍ കാരണമാണെന്നും താരം പറഞ്ഞു. അമ്മ സംഘടനയിലെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ട്. എന്തു പ്രശ്നമുണ്ടായാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിലുളളത്. സംഘടനായിലെ അംഗത്വത്തില്‍ ഞാന്‍ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു.

സിനിമയ്ക്കകത്തെ അത്തരം വിഷയങ്ങളില്‍ ഇനി ഇപ്പോള്‍ ഞാന്‍ ഇടപെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്റെ അമ്മയ്ക്ക് സിനിമയില്‍ വരണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഞാനുണ്ടായപ്പോള്‍ അത് എന്നിലൂടെ സാധിക്കണമെന്നായി അമ്മയ്ക്ക്. സിനിമയ്ക്കൊപ്പം നൃത്തവും കൊണ്ടുപോകുന്നുവെന്നും പ്രയാഗ പറഞ്ഞു.

Top