തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം; പാർവതി തിരുവോത്ത്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളി നടി പാർവതി തിരുവോത്ത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർവതി മത്സരിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.

തന്നെ ഒരു പാര്‍ട്ടിയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമീപിച്ചിട്ടില്ലെന്നും പാര്‍വതി കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിനായി പാർവതി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നത്. ആനുകാലിക വിഷയങ്ങളിൽ വ്യക്തമായ നിലാപാട് സ്വീകരിക്കുന്ന പാർവതിയ്ക്ക് യുവതലമുറയുടെ പിന്തുണ ലഭിക്കുമെന്ന് കാണിച്ചാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

പാര്‍വതി നായികയായി എത്തുന്ന വർത്തമാനം എന്ന സിനിമ റിലീസിനായി ഒരുങ്ങുകയാണ്. സിദ്ധാർഥ് ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമാ രംഗത്തുനിന്നും സുരേഷ് ഗോപി, ദേവൻ, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ തുടങ്ങിയവരും ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

Top