യുവ നടിക്ക് നേരെ കൈയ്യേറ്റം; മൂക്കിന് പരിക്ക് പറ്റിയിട്ടും ജനക്കൂട്ടത്തെ ശാന്തമാക്കി അഡാര്‍ ലൗ നായിക

മഞ്ചേരി: അഡാര്‍ ലൗ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ യുവ നടിയാണ് നൂറിന്‍ ഷെരീഫ്. സിനിമ ഇറങ്ങിയ ശേഷം താരത്തിനെ തേടി നിരവധി പരിപാടികള്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടിക്ക് നേരെ ഉണ്ടായ അക്രമണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ബഹളത്തിനിടയില്‍ ആളുകളുടെ കൈ തട്ടി നൂറിന്റെ മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനായി കൃത്യം 4 മണിക്ക് തന്നെ താരവും അമ്മയും ഹോട്ടലില്‍ എത്തി. എന്നാല്‍ ആളുകള്‍ കുറച്ച് കൂടി എത്താനുണ്ടെന്ന് പറഞ്ഞ് ഇരുവരോടും 6 മണി വരെ കാത്തിരിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിലേക്ക് നൂറിന്‍ എത്തിയപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞ ആള്‍ക്കൂട്ടം രോഷാകുലരാകുകയായിരുന്നു. ശേഷം ആള്‍ക്കൂട്ടം നൂറിന്‍ എത്തിയ കാറിനെ വളഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് നൂറിന്റെ മൂക്കിന് ഇടിയേറ്റു. ഇടിയേറ്റ് നൂറിന്റെ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. എന്നാല്‍ ജനങ്ങളുടെ ബഹളം നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ മൂക്കിന്റെ വേദന സഹിച്ച് നൂറിന്‍ ആളുകളെ ശാന്തരാക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതേസമയം താന്‍ നേരത്തെ എത്തിയിരുന്നതായും സംഘാടകരുടെ നിര്‍ബന്ധപ്രകാരമാണ് ചടങ്ങിന് എത്താന്‍ വൈകിയതെന്നും താരം ജനക്കൂട്ടത്തോട് വ്യക്തമാക്കി. മൂക്കിന് ഇടിയേറ്റ നൂറിന്റെ വീഡിയോ ആരോ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ‘ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ, കുറച്ചു നേരത്തേക്ക് ബഹളം വക്കാതിരിക്കൂ, എന്നോട് ഒരിത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ’ എന്നിങ്ങനെ ആള്‍ക്കൂട്ടത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ നൂറിന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

Top