നടി മുക്തയുടെ മകള്‍ അഭിനയത്തിലേക്ക്

ലയാളത്തിനും തമിഴിനും പ്രിയപ്പെട്ട താരമാണ് മുക്ത. വിവാഹശേഷം സിനിമയില്‍ അധികം സജീവമല്ലെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെ താരം സാന്നിധ്യമറിയിക്കുന്നുണ്ട്. കൂടാതെ, പുതുപുത്തന്‍ ഫോട്ടോഷൂട്ടുകളിലൂടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയും ആരാധകരുമായി നടി നിരന്തരം സംവദിക്കാറുമുണ്ട്.

ഇപ്പോഴിതാ, അമ്മയ്ക്ക് പിന്നാലെ അഭിനയത്തിന്റെ പാതയിലേക്ക് മകളുമെത്തുകയാണ്. തന്റെ മകള്‍ കിയാര സിനിമയിലേക്ക് കടക്കുന്നുവെന്ന് മുക്ത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര ആദ്യമായി അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മാമാങ്കം, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ എം.പത്മകുമാര്‍ ആണ്.

പത്താം വളവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രം കേരളത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ജോസഫിന്റെ സംഗീതജ്ഞന്‍ രഞ്ജിന്‍ രാജാണ് പത്താം വളവിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറിലാണ് ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്.

 

Top