ഇനി സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും: നടി മീര ജാസ്മിന്‍

സിനിമയില്‍ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്നു നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിന്‍ ദുബായില്‍ പറഞ്ഞു. യുഎഇയുടെ ദീര്‍ഘകാല താമസവീസയായ ഗോള്‍ഡന്‍ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയിരുന്നു താരം.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്.

എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്നു കേള്‍ക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ചു നാളുകള്‍ സിനിമയില്‍നിന്നു മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.’

‘ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജന്റ് ആയ പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവര്‍ക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യന്‍ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവില്‍ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാന്‍ വിചാരിക്കുന്നു. ഇനി നല്ല കഥാപാത്രങ്ങളും സിനിമകളും തേടിയെത്തട്ടെ.’ – മീര ജാസ്മിന്‍ പറഞ്ഞു.

Top