‘വിവാഹദിവസം പോലും ബോഡി ഷെയ്മിങ്ങിന് ഇരയായി’; മഞ്ജിമ മോഹൻ

ദിവസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ താരജോഡികളായ മഞ്ജിമ മോഹനും ​ഗൗതം കാർത്തിക്കും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നായത്. ഇവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹദിവസം പോലും താൻ ബോഡി ഷെയ്മിങ്ങിന് ഇരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജിമ.

തന്റെ ശരീരത്തിൽ താൻ സന്തുഷ്ടയാണെന്നും മറ്റുള്ളവർ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും താരം പറഞ്ഞു. വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാൽ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാൽ ഞാൻ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല.- ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജിമ പറഞ്ഞു.

ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ച് ബുധനാഴ്ചയായിരുന്നു വിവാഹം. സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രീം നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്. സിംപിൾ ലുക്കിൽ അതിസുന്ദരിയായിരുന്നു മഞ്ജിമ. ക്രീം ഷർട്ടും മുണ്ടുമായിരുന്നു ​ഗൗതത്തിന്റെ വേഷം. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. മൂന്നു വർഷത്തെ പ്രണയത്തിനുശേഷമാണ് മഞ്ജിമയും ​ഗൗതവും ഒന്നാകുന്നത്. അടുത്തിടെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രണയം തുറന്നു പറഞ്ഞത്.

Top