പുരാണ കഥാപാത്രം ‘ഹിഡിംബി’യായി ലക്ഷ്മിപ്രിയ എത്തുന്നു

കോട്ടയം: പുരാണ കഥാപാത്രം ഹിഡിംബിയായി ചലച്ചിത്ര താരം ലക്ഷ്മിപ്രിയ. കോട്ടയത്ത് ഇന്ന് കലാനിലയം സ്‌റ്റേജ് ക്രാഫ്റ്റ് അണിയിച്ചൊരുക്കുന്ന ഹിഡിംബി എന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായ ഹിഡിംബിയായി ലക്ഷ്മിപ്രിയ എത്തുന്നു.

പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളില്‍ നിന്നു വ്യത്യസ്തമായി അണിയിച്ചൊരുക്കുന്ന നാടകമാണിത്.

ഇതാദ്യമായാണ്‌ കലാനിലയത്തിന് പുറത്ത് ഹിഡിംബി അരങ്ങേറുന്നത്. അര്‍ത്ഥപൂര്‍ണമായ പുതിയ പരീക്ഷണങ്ങളിലൂടെ അകന്നുപോയ പ്രേക്ഷകരെ തിരികെ കൊണ്ടു വരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹിഡിംബിയുടെ സംഘാടകര്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് മള്‍ട്ടിമീഡിയ സാങ്കേതിക സംവിധാനം നാടകത്തില്‍ ഉപയോഗപ്പെടുത്തുന്നത്. യുദ്ധവും ഏകാന്തതയും മനുഷ്യമനസുകളുടെ വേദനകളുമൊക്കെ അരങ്ങിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നാടകത്തില്‍ ദൃശ്യവത്കരിക്കും.

ഇതിഹാസത്തില്‍ അത്രയൊന്നും പരാമര്‍ശിക്കപ്പെടാതെ പോയ ഹിഡിംബിയുടെ വികാര, വിചാരതലങ്ങളിലൂടെയുള്ള പ്രയാണമാണ് നാടകത്തിന്റെ ഇതിവൃത്തം.

ഭീമന്റെ ഭാര്യയും പാണ്ഡവരുടെ ആദ്യ പുത്രവധുവുമൊക്കെയായിട്ടും ഹിഡിംബി അവഗണിക്കപ്പെട്ടു. കാലം മാറുമ്പോഴും സ്ത്രീ സമൂഹം നേരിടുന്ന അവഗണനയുടെ നേര്‍ക്കാഴ്ച കൂടിയാണ് ഹിഡിംബി.

കലാനിലയത്തിന്റെ മറ്റു നാടകങ്ങളിലേതു പോലെ സാധാരണ പ്രേക്ഷകരെ ലക്ഷ്യംവെച്ചാണ് ഹിഡിംബിയും അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

Top