‘കെജിഎഫ്’ നിർമ്മാതാക്കളുടെ തമിഴ് സിനിമ; കേന്ദ്ര കഥാപാത്രമാകാൻ കീർത്തി സുരേഷ്

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തമിഴിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഹോംബാലെയുടെ അണിയറ പ്രവർത്തകർ. കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് സിനിമ. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

‘രഘു താത്ത'(Raghu Thatha) എന്നാണ് ചിത്രത്തിന്റെ പേര്. ‘വിപ്ലവം ആരംഭിക്കുന്നത് വീട്ടിൽ നിന്നും’എന്ന് കുറിച്ചു കൊണ്ടാണ് ടൈറ്റിൽ പോസ്റ്റർ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. സുമാൻ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രത്തിന്റെ നിർമാണം.

അതേസമയം, ഹോംബാലെ ഫിലിംസിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം കാന്താരയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. പ്രഭാസിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്ന സലാറാണ് ഈ ബാനറിൽ റിലീസ് കാത്തിരിക്കുന്ന ചിത്രം. ഫഹദ് ഫാസിലും അപർണ ബാലമുരളിയും നായികാനായകന്മാരിയി എത്തുന്ന ‘ധൂമം’ എന്ന ചിത്രവും ഹോംബാലെ നിർമ്മിക്കുന്നുണ്ട്. ലൂസിയ, യു ടേൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംവിധാനം. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.

പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു ചിത്രവും ഹൊംബാലെ ഫിലിംസ് നിർമിക്കുന്നുണ്ട്. ടൈസൺ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Top