മലയാളത്തിന്റെ പ്രിയതാരം കാവേരി സംവിധായികയാവുന്നു

ലയാളത്തിന്റെ പ്രിയ താരം കാവേരി സംവിധായികയാവുന്നു. കാവേരി കല്യാണി എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്യ ഭാഷാ സിനിമകളില്‍ കല്യാണി എന്ന പേരിലാണ് കാവേരി അറിയപ്പെടുന്നത്. തെലുങ്ക്,തമിഴ് ,മലയാളം,കന്നട ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ചേതന്‍ ചീനുവാണ് നായകന്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് കാവേരി വെള്ളിത്തിരയില്‍ എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയയാക്കി. മമ്മൂട്ടി ചിത്രമായ ഉദ്യാനപാലകനാണ് കാവേരി നായികയായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം.

മലയാളം , തമിഴ്, തെലുങ്ക് , കന്നട ഭാഷകളില്‍ സജീവമായിരുന്ന കാവേരി വിവാഹശേഷം അഭിനയരംഗത്തുനിന്നു മാറി നില്‍ക്കുകയായിരുന്നു. 2009ല്‍ ഏ പ്രില്‍ ഫൂള്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. കെ 2 കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാവേരി തന്നെയാണ് ആദ്യ സംവിധാന സംരംഭം നിര്‍മ്മിക്കുന്നത്.നേരത്തേയും കാവേരി സീരിയില്‍ നിര്‍മ്മാണരംഗത്തുണ്ട്.

പ്രണയവും കോമഡിയും നിറഞ്ഞ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന് പേരിട്ടിട്ടില്ല. സുഹാസിനി മണിരത്‌നം,സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബാരാജു,ബ്ലാക്ക് പാണ്ടി തുടങ്ങി വലിയ താര നിര അണിനിരക്കുന്നുണ്ട്. മലയാളിതാരം സൗമ്യ മേനോന്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു.

ഛായഗ്രാഹണം നിര്‍വഹിക്കുന്നത് ആല്‍ബി ആന്റണി, ശക്തി ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് .അച്ചു രാജാമണിയാണ് സംഗീത സംവിധാനം. എഡിറ്റര്‍ ആന്റണി, പ്രവിന്‍ പുഡി. കാല- ജിത്തു, എസ്. വി മുരളി, പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്.

 

Top