നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയത്. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. സ‍ജ്ജിൻ ബാബുവാണ് ചിത്രത്തിന്റെ സംവിധാകൻ.

റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണി ആദ്യം പ്രദർശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിത കഥയാണ് ‘ബിരിയാണി’ എന്ന ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണി സ്വന്തമാക്കിയിട്ടുണ്ട്. യു എ എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ബിരിയാണിയുടെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറാണ് നിർവഹിച്ചിരിക്കുന്നത് .

Top