‘അത്ര നിസ്സാരമല്ല കോവിഡ്’ പ്രസ്താവനകളില്‍ മലക്കം മറിഞ്ഞ് നടി കങ്കണ റണൗട്ട്

കോവിഡ് ആദ്യം കരുതിയപോലെ അത്ര നിസ്സാരമല്ല എന്ന പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. നടിക്ക് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് ജലദോഷ പനി മാത്രമാണ് കോവിഡെന്ന നടി കങ്കണ റണൗട്ടിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഇത് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

കോവിഡ് ആദ്യം കരുതിയപോലെ അത്ര നിസ്സാരമല്ല എന്ന് താരം പറയുന്നു. ആദ്യം തനിക്ക് ജലദോഷ പനി ആയാണ് അനുഭവപ്പെട്ടതെങ്കിലും രോഗമുക്തയായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് കങ്കണ പറഞ്ഞു. ഇതുവരെ അനുഭവിക്കാത്ത ശാരീരികപ്രശ്‌നങ്ങള്‍ തനിക്ക് വന്നുവെന്നും കങ്കണ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

ഈ വൈറസ് തികച്ചും പ്രവചനാതീതമാണ്, ജനിതകമാറ്റം വന്ന വൈറസായതിനാല്‍ ഇത് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍, ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. മാത്രമല്ല ഇത് നമ്മുടെ സ്വാഭാവിക ശരീര പ്രതികരണത്തെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

അതിനാല്‍ പൂര്‍ണമായും രോഗം ഭേദമാവുക എന്നത് വളരെ പ്രധാനമാണ്. വൈറസിനെതിരെ പോരാടുമ്പോള്‍ ഞാന്‍ പല ഡോക്ടര്‍മാരുമായും സംസാരിച്ചു, വീണ്ടെടുക്കല്‍ കാലയളവില്‍ വിശ്രമത്തെ കുറച്ചു കാണരുതെന്ന് ഞാന്‍ മനസിലാക്കി. അതിനാല്‍ വിശ്രമിച്ച് സുഖം പ്രാപിക്കുക. കങ്കണ വ്യക്തമാക്കുന്നു.

Top