സംവിധാനം രേവതി, നായികയായി കാജോള്‍; ‘സലാം വെങ്കി’ റിലീസ് പ്രഖ്യാപിച്ചു

കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കാജോളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്.

‘സുജാത’ എന്ന കഥാപാത്രമായിട്ടാണ് കാജോൾ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് ‘സുജാത’ എന്ന കഥാപാത്രം. യഥാർഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സൂരജ് സിങ്, ശ്രദ്ധ അഗ്രവാൾ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനർ. സലാം വെങ്കി ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ‘ദി ലാസ്റ്റ് ഹുറാ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു.

11 വർഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. ‘മിത്ര് മൈ ഫ്രണ്ട്’ ഇംഗ്ലീഷിലും ‘ഫിർ മിലേംഗ’ ഹിന്ദിയിലും ഫീച്ചർ സിനിമയായി സംവിധാനം ചെയ്‍ത രേവതി ‘കേരള കഫേ’ (മലയാളം), ‘മുംബൈ കട്ടിംഗ്’ (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.

Top