മുന്‍കാല നടി കെ.വി. ശാന്തി അന്തരിച്ചു

ചെന്നൈ : മുൻകാല നടി കെ.വി ശാന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. തമിഴ്നാട്ടിലെ കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം.

സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടർ,​ അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.

Top