അറസ്റ്റിലേക്കു നയിച്ച 5 തെളിവുകള്‍ ; ദൈവത്തിന്റെ കൈ പതിഞ്ഞ കേസെന്ന് നടിയുടെ കുടുംബം

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും അഞ്ച് തെളിവുകള്‍.

ആദ്യഘട്ടത്തില്‍ സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന ദിലീപിനെ, തെളിവുകള്‍ കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്.

ദിലീപ് നായകമായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ച തെളിവുകള്‍:

1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്.

2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍.

3. ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍.

4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍.

5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും.

ഇതിനിടെ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം പ്രതികരിച്ചു. ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസില്‍ നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പൊലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നത്.

ഈ കേസിന്റെ തുടക്കം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പൊലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സൗഹൃദങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും നടിയുടെ കുടുംബം അറിയിച്ചു.

Top