ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വനിതാ സംവരണ ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് നടി ഇഷാ ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയതത് മനോഹരമായ ഒരു കാര്യമാണെന്നും ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അധികാരം ലഭിക്കുമെന്നും ഇഷ ഗുപത പറയുന്നു. രാജ്യത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടാണിത്. പ്രധാമന്ത്രി വാക്ക് നല്‍കിയത് പാലിച്ചുവെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.
വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ല്‍ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ലെന്നും പറഞ്ഞു.