നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തി പോസ്റ്റ്; നടി പായല്‍ റോഹത്ഗി കസ്റ്റഡിയില്‍

ജയ്പുര്‍: സമൂഹ മാധ്യമങ്ങളില്‍ നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പോസ്റ്റു ചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.

രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതിയെത്തുടര്‍ന്ന് ബോളിവുഡ് നടിക്കെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. അഹമ്മദാബാദില്‍ നിന്നാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

Top