നിര്‍മാതാവിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പരാതി

women in collective

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി.

നടിക്കെതിരായ മോശം പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയത്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്ന് നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അവരെ അപകീര്‍ത്തിപ്പെടുത്തുന്നതും മാനസികമായി തളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.

ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന എല്ലാ വ്യക്തികളേയും അപമാനിക്കുന്നതാണ് പ്രസ്തുത പ്രസതാവന. അതിനാല്‍ സജി നന്ത്യാട്ടിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

Top