നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സിആര്‍പിസി 406 പ്രകാരമാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്.

ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും സുപ്രീം കോടതിയിലെയും പ്രധാന വാദം. കോടതിയില്‍ നടന്നിട്ടുളള മറ്റു കാര്യങ്ങള്‍ എല്ലാം നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുളളതാണ്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ പോകുന്നത്.

അടുത്ത മാസം രണ്ടാം തീയതി കേസിന്റെ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുളളവര്‍ക്കും വിചാരണ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരണം കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ രാജിവെച്ചിരുന്നു. എന്നാല്‍ സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.

Top