നടി ആക്രമിക്കപ്പെട്ട കേസ്, കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. നടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നാണ് സൂചന.

സന്ധ്യയോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.ബി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്ന് കേസില്‍ പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കാക്കനാട്ടെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ദിലീപിനെ വിളിച്ച സുനി പെന്‍ഡ്രൈവ് കാവ്യ മാധവന്റെ സ്ഥാപനത്തിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ദേശീയ പാതയില്‍ വച്ച് നടിയെ ആക്രമിച്ച സുനിയും സംഘവും സംഭവം നടന്ന രാത്രി, കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭാര്യ കാവ്യ മാധവന്‍, ഭാര്യാ മാതാവ് ശ്യാമള എന്നിവരെ കസ്റ്റഡിയിലെടുക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയില്ല.

Top