അവസ്ഥ മനസ്സിലാക്കിയില്ല, കോടതി മുറിയില്‍ കരയേണ്ട സാഹചര്യം ഉണ്ടായെന്ന് നടി

kerala hc

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വനിതാ ജഡ്ജിയായിട്ട് പോലും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ലെന്നും പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യം ഉണ്ടായെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. ആക്രമിക്കപ്പെട്ട നടിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തുനിന്ന് ഉണ്ടായി. ഇത് തടയുന്നതിനോ വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനോ വിചാരണക്കോടതി തയ്യാറായില്ലെന്ന അതിരൂക്ഷമായ വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്.

ഒരു വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും തങ്ങള്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിചാരണക്കോടതിയുമായി തുടര്‍ന്ന് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചു. നിലവില്‍ വിചാരണ നേടക്കുന്ന കോടതിയില്‍ വിശ്വാസമില്ലെന്നുതന്നെയാണ് സര്‍ക്കാരും നടിയും ഹൈക്കോടതിയെ അറിയിച്ചത്. വിചാരണനടപടികള്‍ ഹൈക്കോടതി ഇടപെട്ട് താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് വെള്ളിയാഴ്ച വരെ തുടരും.

Top