നടിയെ ആക്രമിച്ച കേസ്; രണ്ട് ഹ‍ർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്ന് രണ്ട് ഹ‍ർജികൾ പരിഗണിക്കും. കോടതിയുടെ കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡ് ചോർന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയാണ് ഒന്ന്. ഈ ഹ‍ർജിയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി മെമ്മറി കാർഡ് വീണ്ടും അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേ സമയം ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ദിലീപ് ഇന്ന് കക്ഷി ചേരാനനുമതി തേടുന്നുണ്ട്. പ്രതിഭാഗം വാദം കൂടി കേൾക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാട് എടുത്തിരുന്നു.

കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയാണ് മറ്റൊന്ന്. എന്നാൽ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും, അതിജീവിതയ്ക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്ങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

 

Top