ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍; പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. അതിനിടെ കേസ് സംബന്ധിച്ച് നടന്‍ മുകേഷിനെ ഇന്ന് വിസ്തരിച്ചേക്കുമെന്നും റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയില്‍ വാദംനടക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്റെ നടപടി. നേരെത്തെ മറ്റു ചില സാക്ഷികളുടെ ദിലീപിനെതിരെയുള്ള മൊഴി മാറ്റിപ്പറഞ്ഞിരുന്നു.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെയാണ് സ്വാധിനീക്കാന്‍ ശ്രമിച്ചതെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്റെ അപേക്ഷയിലുള്ളത്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച തൃശൂരിലെ അഭിഭാഷകനെ കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോടതി പല തവണ നോട്ടിസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കേസിലെ ഒന്‍പതാം പ്രതി സനല്‍ കുമാറിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. ഭാമ, സിദ്ധിഖ് തുടങ്ങിയവരെ അടുത്ത ആഴ്ച വിസ്തരിക്കുമെന്നാണ് സൂചന.

Top