നടിയെ ആക്രമിച്ച കേസ്: കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നല്‍കി. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നല്‍കി. ദിലീപിന്റെ ഡ്രൈവറുടെ ഫോണില്‍ വിളിച്ചാണ് മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനുപുറമേ കാവ്യാ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടില്‍ വന്നാല്‍ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നല്‍കാന്‍ താന്‍ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടില്‍വെച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം.

Top