നടിയെ ആക്രമിച്ചകേസ്; മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചു, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളില്‍ പൊലീസ് കൃത്രിമം കാട്ടിയെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദം പൊലീസ് മായ്ച്ചു കളഞ്ഞുവെന്നും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി. തൃശൂരില്‍ നിന്ന് കാറില്‍ കൊച്ചിയിലേക്കുള്ള യാത്രയില്‍ 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി ആക്രമിക്കപ്പെട്ടത്.

Top