നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിയിലെ കോടതി തീരുമാനം അനുസരിച്ചാകും ക്രൈംബ്രാഞ്ചിന്റെ തുടർനടപടി. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. കേസിൽ അട്ടിമറി ആരോപിച്ച് നടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം സമയപരിധിയുടെ പേരിൽ ധൃതിപിടിച്ച് അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയതായാണ് സൂചന. എല്ലാ തെളിവുകളും പരിശോധിച്ച് നീതിപൂർവകമായ അന്വേഷണം ഉറപ്പാക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയിട്ടുള്ളത്. അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.

അന്വേഷണ ചുമതലയുണ്ടായിരുന്ന എസ് ശ്രീജിത്തിനെ മാറ്റി, പുതിയ ക്രൈംബ്രാഞ്ച് മേധാവിയെ നിയമിച്ചതിന് പിന്നാലെ അന്വേഷണം മന്ദീഭവിക്കുകയായിരുന്നുവെന്നാണ് ആരോപണം. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശിച്ച ഈ മാസം 30 നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നു.

ഇതിന് പിന്നാലെ, രാഷ്ട്രീയ ഉന്നത ഇടപെടലിനെത്തുടർന്ന് കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകി. ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണ സംഘത്തിന് മേൽ രാഷ്ട്രീയ ഉന്നതർ സമ്മർദം ചെലുത്തുന്നതായും നടി ഹർജിയിൽ ആരോപിക്കുന്നു.

Top