കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി രഹസ്യമൊഴി നല്കി.
കോതമംഗലം മജിസ്ട്രേറ്റിന് മുമ്പാകെയാണ് റിമി രഹസ്യമൊഴി നല്‍കിയത്.
റിമി നേരത്തേ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നല്കുന്ന മൊഴി കേസില്‍ തെളിവായി സ്വീകരിക്കപ്പെടും.
റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു.
റിമിക്ക് ദിലീപ്, ആക്രമിക്കപ്പെട്ട നടി തുടങ്ങി എല്ലാവരുമായും ബന്ധമുണ്ട്. അതിനാല്‍ ഇവരെ വിളിച്ചോ, തന്റെ വിദേശ ഷോകള്‍ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്ന് അന്വേഷിച്ചിരുന്നു.
അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശപര്യടനങ്ങളില്‍ ഇവരോടൊപ്പം റിമി പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് പോലീസ് സംഘം വിവരം ആരാഞ്ഞതായും റിമി പറഞ്ഞിരുന്നു.