നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ ദിലീപിന്റെ മാനേജര്‍ എ. എസ്. സുനില്‍രാജ് എന്ന അപ്പുണ്ണിക്കും പങ്കുണ്ടെന്ന് പൊലീസ്.

അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്ന നിഗമനത്തിലാണ് പൊലീസ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

പള്‍സര്‍ സുനിക്ക് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചത് അപ്പുണ്ണിയാണെന്നും അഡ്വാന്‍സ് കൈമാറിയ ദിവസം സുനിയും അപ്പുണ്ണിയും തമ്മില്‍ നാലു തവണ ഫോണില്‍ സംസാരിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ദിലീപ് ഇതുവരെ കുറ്റ സമ്മതം നടത്താത്ത സാഹചര്യം കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് പദ്ധതിയിടുന്നത്. എന്നാല്‍ അപ്പുണ്ണി കഴിഞ്ഞ രണ്ട് ദിവസമായി ഒളിവില്‍ പോയതോടെ ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്.

അതേസമയം, നാദിര്‍ഷയെ നാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്‌തേക്കും. ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്.

അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയത് നാദിര്‍ഷയാണെന്നാണ് സിനിമാ രംഗത്തുള്ളവര്‍ പറയുന്നത്.

ഡ്രൈവര്‍ സ്ഥാനത്തു നിന്നും ദിലീപിന്റെ മാനേജര്‍ സ്ഥാനത്തേക്ക് അപ്പുണ്ണി വളരെ പെട്ടെന്ന് മാറുകയായിരിന്നു. ഇതുവരെ അപ്പുണ്ണി കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. സെറ്റുകളില്‍ ഡ്രൈവറായി ജോലി നോക്കുന്നില്ലെങ്കിലും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അപ്പുണ്ണി അംഗമാണ്.

Top