നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി സംവിധായകന്‍ നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോള്‍ പൂര്‍ത്തിയായി.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്.

വിചാരണ ആഗസ്റ്റിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്‌പെഷ്യല്‍ ജഡ്ജി അറിയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Top