നടി ആക്രമിക്കപ്പെട്ട കേസ് ; മധു വാര്യരുടെ മൊഴിയെടുക്കുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരുടെ മൊഴി പൊലീസ് എടുക്കുന്നു.

ആലുവ പൊലീസ് ക്ലബിലാണ് മൊഴിയെടുക്കല്‍. രാവിലെ കാവ്യാ മാധവന്റെ സഹോദരനെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെയും അന്വേഷണ സംഘം പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം ബന്ധുക്കളിലേയ്ക്ക് തിരിഞ്ഞത് എന്നതാണ് ശ്രദ്ധേയം.

അപ്പുണ്ണി നിര്‍ണായക വിവരങ്ങള്‍ പൊലീസിന് നല്‍കിയെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.

Top