നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്. അന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ടു പ്രതികൾക്കുമെതിരെ നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. ഹർജിയിൽ അതിജീവിതയും കക്ഷിചേർന്നിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതൽ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്നുമാണ് കേസിലെ പ്രതിയായ നടൻ ദിലീപിന്റെ വാദം.

Top