actress assault case-enquiry

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിലെ നിര്‍ണായക തെളിവാകേണ്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പ്രതി മണികണ്ഠനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും.

ഉപദ്രവിച്ചതിന് പുറമേ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് നടിയുടെ മൊഴി. എന്നാല്‍ വിചാരണക്കോടതിയിലെത്തുമ്പോള്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

കൂട്ടുപ്രതിയായ മണികണ്ഠന്‍ സംഭവം നടന്നതായി വിശദീകരിച്ചാല്‍ മുഖ്യപ്രതിക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനാകുമെന്നാണ് വിലയിരുത്തല്‍. സുനിയും വിജീഷുമായി തെറ്റിപ്പിരിഞ്ഞ മണികണ്ഠന്‍ പിടിയിലായശേഷം നിര്‍ണായക വിവരങ്ങള്‍ പൊലീസിന് നല്‍കിയിരുന്നു.

ചോദ്യംചെയ്യലില്‍ ഇയാളില്‍ നിന്നാണ് പ്രതികളുടെ കോയമ്പത്തൂര്‍ പീളമേട് ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരംകിട്ടിയത്. താനടക്കമുള്ളവരെ ചതിയില്‍പ്പെടുത്തി സുനി കേസില്‍ കുടുക്കുകയാണെന്ന പരാതിയും മണികണ്ഠനുണ്ട്. കേസ് തെളിയിക്കാന്‍ മറ്റ് ഫൊറന്‍സിക് തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ വസ്ത്രങ്ങളില്‍നിന്നും മറ്റും ലഭിച്ച സ്രവങ്ങള്‍ നിര്‍ണായകമാകും.

ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ഡി.എന്‍.എ., വിരലടയാളം പരിശോധനയും നടത്തും.

മണികണ്ഠന്റെ മൊഴിയെ തുടര്‍ന്ന് നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പെടുത്തിട്ടുണ്ട് എന്ന സംശയം പോലീസിനുണ്ട്. ആരുടെയെങ്കിലും ഫോണില്‍ ദൃശ്യങ്ങളെത്തിയാല്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.. ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്താല്‍ ഐ.ടി. ആക്ട് പ്രകാരം അവര്‍ കേസില്‍ കുടുങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top