നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രവര്‍ത്തി സ്ഥാനം രാജിവെച്ചു

കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രവര്‍ത്തി സ്ഥാനം രാജിവെച്ചു. 2019-ല്‍ ജാദവ്പുരില്‍ നിന്നാണ് മിമിയെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്. മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് മിമിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്കാണ് അവര്‍ രാജിക്കത്ത് കൈമാറിയത്. എന്നാല്‍, ലോക്സഭാ സ്പീക്കര്‍ക്ക് രാജി കൈമാറിയിട്ടില്ല. മമതയുടെ നിര്‍ദേശത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും മിമി ചക്രവര്‍ത്തി രാജിക്കത്ത് കൈമാറിയ ശേഷം പ്രതികരിച്ചു. ‘രാഷ്ട്രീയം എിക്കുള്ളതല്ല. ഞാന്‍ ഒരു അഭിനേതാവ് കൂടിയാണ്. രണ്ട് മേഖലയിലും എനിക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ നിങ്ങള്‍ നല്ലത് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ നല്ലതായും മോശമായും ചിത്രീകരിക്കും. എന്റെ പ്രശ്നങ്ങള്‍ മമതാ ബാനിര്‍ജിയോട് സംസാരിച്ചിട്ടുണ്ട്’, മിമി ചക്രവര്‍ത്തി പറഞ്ഞു.

2022-ല്‍ താന്‍ രാജിക്കൊരുങ്ങിയതാണെന്നും അന്ന് മമതാ ബാനര്‍ജി പറഞ്ഞ് പിന്തിരിപ്പിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലവധി കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു അന്ന് ദീദി പറഞ്ഞത്. ഒരിക്കല്‍ കൂടി താന്‍ ദീദിക്ക് മുന്നില്‍ രാജിക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. രാജിക്കത്ത് കൈമാറുകയും ചെയ്തു. ദീദി പറഞ്ഞതിന് ശേഷം താന്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മിമി ചക്രവര്‍ത്തി പറഞ്ഞു.

Top