അഭിനേത്രിയും നര്‍ത്തകിയുമായ ചിത്ത റിവേര അന്തരിച്ചു

ടിയും ഗായികയും നര്‍ത്തകിയുമായ ചിത്ത റിവേര (91)അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. സ്‌കൂള്‍ ഓഫ് ബാലേയിലൂടെ കലാരംഗത്തെത്തിയ റിവേര ബ്രോഡ്‌വേ നാടകവേദികളിലൂടെയാണ് അഭിനയരംഗത്ത് പ്രശസ്തി നേടുന്നത്. ഗയ്‌സ് ആന്റ് ഡോള്‍സ്, കാന്‍ കാന്‍, ഷിക്കാഗോ, കിസ് ഓഫ് ദ സ്‌പൈഡര്‍ വുമണ്‍, ദ റിങ്ക്, ജെഫീസ് ഗേള്‍സ് തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു തവണ ടോണി അവാര്‍ഡ് ജേതാവാകുകയും ചെയ്തു. ഡ്രാമ ലീ​ഗ് അവാർഡ്, ഡ്രാമ ടെസ്‌ക് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും റിവേരയെ തേടിയെത്തി. 2009-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു.

1969-ല്‍ പുറത്തിറങ്ങിയ ‘സ്വീറ്റ് ചാരിറ്റി’യിലൂടെയാണ് സിനിമയില്‍ ശ്രദ്ധ നേടുന്നത്. ഒട്ടേറെ മ്യൂസിക്കല്‍ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും ടെലിവിഷന്‍ ഷോകളുടെയും ഭാഗമാവുകയും ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2021-ല്‍ റിലീസ് ചെയ്ത ‘ടിക് ടിക്… ബൂം’ ആണ് അവസാന ചിത്രം.

നർത്തകനും നടനും നൃത്തസംവിധായകനുമായ ടോണി മോർഡെന്റിനെ റിവേര 1957-ൽ വിവാഹം ചെയ്തു. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ സഹതാരമായിരുന്നു അദ്ദേഹം. 1958-ൽ റിവേരയ്ക്കും മോർഡെന്റിനും മകൾ ( ലിസ മോർഡെന്റ്) പിറന്നു. 1966-ൽ ഇവർ വിവാഹമോചിതരായി. മാതാപിതാക്കളുടെ പാത തുടർന്ന ലിസ ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന നർത്തകിയും ഗായികയും നടിയുമാണ്.

Top