വധുവിനെ കണ്ടെത്താന്‍ ആര്യയുടെ റിയാലിറ്റി ഷോ; പരിപാടി പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടാന്‍?

ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഒരു താരം റിയാലിറ്റി ഷോ സംഘടിപ്പിക്കുക. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളില്‍ വിജയിയാകുന്ന യുവതിയെ താരം വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കുക. ടെലിവിഷന്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെയാണ് എങ്ക വീട്ടു മാപ്പിളൈ എന്ന തമിഴ് റിയാലിറ്റി ഷോയെ വിവാദങ്ങള്‍ വിട്ടൊഴിയാത്തത്.

റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ ഒരു മലയാളി നടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പരിപാടിയുടെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്നറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് താനീ ഷോയില്‍ പങ്കെടുത്തത് എന്നുമാണ് ശ്രിയ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ശ്രിയയുടെ വെളിപ്പെടുത്തല്‍. പരിപാടിയിലെ വിജയിയെ ആര്യ വിവാഹം ചെയ്യുമോ എന്നായിരുന്നു ചാറ്റിനിടെ ഉയര്‍ന്ന ഒരു ചോദ്യം. അത് തനിക്കറിയില്ലെന്നായിരുന്നു ശ്രിയയുടെ മറുപടി. പിന്നീട് ശ്രിയയുടെ വിവാഹത്തെപ്പറ്റിയായി സംശയം. താനിപ്പോള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് ശ്രിയ.

ഇതാദ്യമായല്ല പരിപാടിക്കെതിരെ വിമര്‍ശനമുയരുന്നത്. നേരത്തെ പെണ്‍കുട്ടികളുടെ മനസ്സ് വെച്ച് ഇങ്ങനെ കളിക്കരുതെന്നും ഇങ്ങനെയല്ല പങ്കാളിയെ കണ്ടെത്തേണ്ടത് എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പരിപാടിയില്‍ അതിഥിയായെത്തിയ നടി വരലക്ഷ്മി മുസ്ലിമായ ആര്യയെ വിവാഹം കഴിക്കാന്‍ മതം മാറുമോ എന്ന് മത്സരാര്‍ഥികളോട് ചോദിച്ചതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് റിയാലിറ്റി ഷോ എന്ന പേരില്‍ ആര്യ നടത്തുന്നത് ലൗ ജിഹാദ് ആണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ആര്യക്കെതിരെ തമിഴ്‌നാട്ടില്‍ പലയിടത്തും പ്രതിഷേധം ഉടലെടുത്തു.

തമിഴ്‌നാട്ടിലെ കുംഭകോണത്തെ മത്സരാര്‍ഥിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആര്യയെ ചില വനിതാസംഘടനകള്‍ പരസ്യമായി തടഞ്ഞ് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പരിപാടിയുടെ സംപ്രേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് വനിതാസംഘടനകള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കളേഴ്‌സ് ചാനലിലാണ് നിലവില്‍ റിയാലിറ്റി ഷോയുടെ സംപ്രേഷണം.

Top