ഗോപാലകൃഷ്ണന്‍ ഉത്രാടം നക്ഷത്രം; സഹോദരനൊപ്പം ദിലീപിന്റെ ക്ഷേത്ര ദര്‍ശനം

തളിപ്പറമ്പ്/മാലൂര്‍: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും നടന്‍ ദിലീപ് ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു താരം കണ്ണൂരില്‍ എത്തി ക്ഷേത്ര ദര്‍ശനം നടത്തിയത്. അനുജന്‍ അനൂപും രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പവുമാണ് നടന്‍ എത്തിയത്.

പുലര്‍ച്ചെ അഞ്ചിന് മൃദംഗശൈലേശ്വരിക്ഷേത്രത്തിലെത്തിയ ദിലീപിനെ ക്ഷേത്രഭാരവാഹികളായ എം.കെ.പ്രഭാകരന്‍, മുരളി മുഴക്കുന്ന്, ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിന്നീട് താരം ദേവിക്കുമുന്നില്‍ നെയ്യ് വിളക്ക് വെച്ച് പ്രാര്‍ഥിച്ചു. ഗോപാലകൃഷ്ണന്‍ ഉത്രാടം നക്ഷത്രം എന്നപേരില്‍ വിശേഷാല്‍ നിറമാലയും നടത്തി. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കും വേണ്ടി ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നടത്തി.

രാവിലെ ഒന്‍പതിനാണ് താരം രാജരാജേശ്വരക്ഷേത്രത്തിലെത്തിയത്. ദിലീപിനെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി ഉപഹാരം നല്‍കി സ്വീകരിച്ചു. ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ ഉത്രാടം നക്ഷത്രത്തില്‍ രാജരാജേശ്വരന് പൊന്നിന്‍കുടംവെച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 

 

Top