‘കെജിഎഫ് 2’ വിജയത്തിൽ നന്ദി പറഞ്ഞ് യാഷ്

തിയറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2(KGF 2) മുന്നേറുകയാണ്. റിലീസ് ദിവസം മുതല്‍ വന്‍ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്‌സ് ഓഫീസില്‍ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ് ചിത്രം. ഈ വിജയത്തിനിടയില്‍ യാഷ് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല. പിന്തുണയും സ്നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2 ന്റെ നേട്ടം. ബോളിവുഡിന്റെ ബോക്‌സ് ഓഫീസില്‍ നാഴികക്കല്ല് തീര്‍ത്ത ചിത്രങ്ങളെയൊക്കെ ഈ നേട്ടത്തില്‍ പ്രശാന്ത് നീല്‍ ചിത്രം മറികടന്നിരിക്കുകയാണ്. ബാഹുബലി 2, ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവയെയാണ് കെജിഎഫ് 2 250 കോടി ക്ലബ്ബില്‍ എത്താനുള്ള വേഗതയുടെ കാര്യത്തില്‍ മറികടന്നിരിക്കുന്നത്. ബാഹുബലി 2 എട്ട് ദിനങ്ങള്‍ കൊണ്ടായിരുന്നു ഈ നേട്ടത്തില്‍ എത്തിയത്. ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവ പത്ത് ദിനങ്ങളിലും.

ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‌സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Top