സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും

തൃശ്ശൂര്‍: മലയാള സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നേരത്തെ ബിജെപിയില്‍ ചേരുന്ന കാര്യം വിവേക് ഗോപന്‍ പരസ്യമായി അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് വിവേക് ഗോപന്റെ പാര്‍ട്ടി പ്രവേശനം.

കുട്ടനാടന്‍ ബ്ലോഗ്, അച്ഛാദിന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലും പരസ്പരം എന്ന സീരിയലിലൂടെയുമാണ് വിവേക് ഗോപന്‍ ശ്രദ്ധേയനാകുന്നത്.

Top