മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകന്‍ അറസ്റ്റില്‍

കൊച്ചി : പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. ഫ്ലാറ്റിൽ ബഹളം വച്ചതിന് നടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നടൻ അവിടെയും ബഹളം വയ്ക്കുകയായിരുന്നു.

നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് ചുമത്തിയാണ് കേസെടുത്തിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Top