ഈ പിതാവിനറിയാം, മകന്റെ ശക്തി എത്രയെന്ന്, അതും കാട്ടികൊടുത്തു !

സ്വന്തം മക്കളുടെ ശക്തിയും ദൗര്‍ബല്യവും ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നത് അവരുടെ പിതാക്കന്‍മാര്‍ക്ക് തന്നെയാണ്. തമിഴ് സൂപ്പര്‍താരം വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖറിനും അക്കാര്യം നന്നായി അറിയാം. അതു കൊണ്ട് തന്നെയാണ് ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് നിരന്തരം അദ്ദേഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയപ്പോള്‍ കമലല്ല.. വിജയ് എന്ന് തുറന്നടിക്കാനുള്ള ആര്‍ജ്ജവം ചന്ദ്രശേഖറിനുണ്ടായത് മകന്റെ ശക്തി തിരിച്ചറിഞ്ഞതു കൊണ്ട് മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ തമിഴകത്തെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. ആ സൂചന തന്നെയാണ് 9 ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും ഇപ്പോള്‍ നല്‍കുന്നത്.

ദളപതിയുടെ ഫോട്ടോ മാത്രം ഉയര്‍ത്തി വോട്ട് പിടിച്ച വിജയ് ഫാന്‍സിലെ ബഹു ഭൂരിപക്ഷവും തകര്‍പ്പന്‍ വിജയമാണ് നേടിയിരിക്കുന്നത്. തമിഴക രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ വിജയമാണിത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ”വിജയ് നേരിട്ട് വോട്ട് ചോദിച്ചാല്‍ ” എന്താകും അവസ്ഥ എന്നതാണ് തമിഴകത്തെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച. ഭരണപക്ഷത്തെയും പ്രതിപക്ഷത്തേയും ഒരു പോലെ അമ്പരിപ്പിച്ച മുന്നേറ്റമാണ് വിജയ് ഫാന്‍സ് നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഈ വിജയത്തിന്റെ ക്രെഡിറ്റ് വിജയ് യുടെ പിതാവിന് അവകാശപ്പെട്ടതാണ്.

രാഷ്ട്രീയത്തില്‍ ഇറങ്ങില്ലന്ന് ശക്തമായ നിലപാടെടുത്ത വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ മത്സരിക്കുന്നതിനും എതിരായിരുന്നു. തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് താരം കേസും ഫയല്‍ ചെയ്തിരുന്നു. സ്വന്തം പിതാവും അമ്മയും അടക്കം 11 പേരായിരുന്നു കേസിലെ പ്രതികള്‍. വിജയ് ഇത്രയും കടുത്ത നിലപാട് സ്വീകരിച്ചത് സിനിമാ മേഖലയെയും രാഷ്ട്രീയ മേഖലയെയും മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകരെയും ശരിക്കും ഞെട്ടിച്ചിരുന്നു.

ദളപതിയുടെ ഉപദേശികള്‍ അദ്ദേഹത്തെ വഴിതെറ്റിക്കുകയാണെന്നാണ് ഇതേ കുറിച്ച് ചന്ദ്രശേഖര്‍ പിന്നീട് പ്രതികരിച്ചിരുന്നത്. എന്നാല്‍ ചന്ദ്രശേഖര്‍ നല്‍കിയ ധൈര്യത്തിലാണ് വിജയ് ആരാധകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരിക്കുന്നത്. വിജയ് യുടെ ഫോട്ടോ ഉപയോഗിച്ചാണ് പ്രധാനമായും പ്രചരണം നടന്നിരുന്നത്. സ്വന്തം ഫാന്‍സ് അസോസിയേഷന്‍ വഴി വിജയ് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളും മത്സരിച്ചവര്‍ക്ക് ഗുണമായി മാറിയിട്ടുണ്ട്. മകന്റെ കരുത്ത് എന്താണെന്ന് പിതാവ് തന്നെയാണ് ഇപ്പോള്‍ കാണിച്ചു കൊടുത്തിരിക്കുന്നത്. ഈ വിജയം ദളപതിയുടെ മനസ്സു മാറ്റുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവും ആരാധകര്‍ക്കിടയില്‍ നിലവില്‍ ശക്തമായിട്ടുണ്ട്.

‘ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം” എന്ന പേരില്‍ വിജയ് യുടെ പിതാവ് തന്നെ രാഷ്ട്രീയപാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതൊരു പാര്‍ട്ടിയായി മാറും. അതിന് ഇനി വേണ്ടത് വിജയ് യുടെ സമ്മതം മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചതിന് സ്വന്തം പിതാവിനോട് സംസാരിക്കുന്നത് തന്നെ നിര്‍ത്തിയ വിജയ് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അതേസമയം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമോ എന്ന കാര്യത്തില്‍ വിജയ് മാത്രമായിരിക്കും തീരുമാനം എടുക്കുകയെന്നാണ് താരത്തിന്റെ അമ്മ ശോഭ വ്യക്തമാക്കിയിരിക്കുന്നത്. ‘തങ്ങള്‍ ശത്രുക്കളല്ലന്നും അച്ഛനും മകനുമാണെന്ന് ” പിതാവ് ചന്ദ്രശേഖരനും പ്രതികരിച്ചിട്ടുണ്ട്.

വിജയ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയത് തന്നെ ചന്ദ്രശേഖറാണ്. ഇന്ന് തമിഴകത്തെ ഏറ്റവും ശക്തമായ സംഘടനയാണിത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ”വിജയ് മക്കള്‍ ഇയക്കത്തിന് ‘ നിലവിലുണ്ട്.സ്ത്രീകള്‍ക്കിടയിലും വലിയ സ്വീകാര്യതയുള്ള നടനാണ് വിജയ്. എം.ജി.രാമചന്ദ്രനും ജയലളിതയും സിനിമാ താരങ്ങളായി തുടങ്ങി തമിഴകത്തെ മുഖ്യമന്ത്രി കസേര സ്വന്തമാക്കിയവരാണ്. എന്തിനേറെ ഇവരുടെ എതിരാളിയായിരുന്ന കരുണാനിധി പോലും മികച്ച ഒരു തിരക്കഥാകൃത്തായിരുന്നു. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന മണ്ണാണിത്. ഇവിടെ അടുത്ത ഊഴം ദളപതിക്കാണെന്നാണ് അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെ നിരവധി പേര്‍ വിശ്വസിക്കുന്നത്. ജനങ്ങളും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് നിലവില്‍ ആഗ്രഹിക്കുന്നത്. അതിന്റെ സൂചന കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ തകര്‍പ്പന്‍ വിജയം.

169 ഇടത്ത് മത്സരിച്ചപ്പോള്‍ തന്നെ 115 സീറ്റുകള്‍ നേടി എന്നു പറഞ്ഞാല്‍ അത് അത്ഭുതം തന്നെയാണ്. പ്രത്യേകിച്ച് വിജയ് പരസ്യമായി ഉടക്കി നിന്നിട്ടും ഇത്തരമൊരു ജയം നേടാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കഴിഞ്ഞെങ്കില്‍ വിജയ് പ്രചരണം നയിച്ചാല്‍ തമിഴകം തന്നെ തൂത്ത് വാരാന്‍ സാധ്യത ഏറെയാണ്. അത്രയ്ക്കും വലിയ സ്വാധീനം തമിഴ് ജനതയില്‍ വിജയ് സൃഷ്ടിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഡി.എം.കെ അധികാരത്തിലുണ്ടെങ്കില്‍ ആ പാര്‍ട്ടിയും കടപ്പെട്ടിരിക്കുന്നത് സാക്ഷാല്‍ ദളപതിയോട് മാത്രമായിരിക്കും. കാരണം തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വിജയ് നടത്തിയ സൈക്കിള്‍ യാത്ര ഡി.എം.കെക്കാണ് ഗുണം ചെയ്തിരിക്കുന്നത്.

പെട്രോള്‍ വില വര്‍ദ്ധനയും വിലക്കയറ്റവും അടക്കമുള്ള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ദളപതിയുടെ സൈക്കിള്‍ യാത്ര. നിമിഷ നേരം കൊണ്ടാണ് ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നത്. സൈക്കിളിന്റെ നിറം ഡി.എം.കെയുടെ കൊടിക്ക് സമാനമായ നിറമായതും വ്യാപകമായാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഒന്നു വിരല്‍ ഞൊടിച്ചാല്‍ ജനസാഗരം തന്നെ സൃഷ്ടിക്കാനുള്ള കഴിവ് ഇന്ന് ദളപതിക്കുണ്ട്. അദ്ദേഹം അത് രാഷ്ട്രീയത്തിലും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചാല്‍ എം.ജി ആറിന്റെ പിന്‍ഗാമി എന്നത് സ്വപ്‌നം മാത്രമല്ല യാഥാര്‍ത്ഥ്യമായി തന്നെ മാറും. അതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

EXPRESS KERALA VIEW

Top