ഡ്യൂപ്പില്ലാതെ കളിക്കളത്തിൽ നിറഞ്ഞാടി ദളപതി വിജയ്, അന്തംവിട്ട് തമിഴകം !

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് ബിഗില്‍. വരുന്ന ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തുന്ന ഈ സിനിമ ഇപ്പോള്‍ തന്നെ തമിഴകത്ത് സെന്‍സേഷനായി കഴിഞ്ഞു.

കഥാപാത്രമായി മാറാന്‍ എന്ത് റിസ്‌ക്കും എടുക്കുന്ന താരമാണ് ദളപതി. അക്കാര്യം ഒരിക്കല്‍ കൂടി ബിഗിലിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഡബിള്‍ റോളിലാണ് ഈ സിനിമയില്‍ വിജയ് അഭിനയിച്ചിരിക്കുന്നത്. ഫുട്‌ബോളറായി അഭിനയിക്കുന്ന വിജയ്‌ക്കൊപ്പം നാഷണല്‍, സ്റ്റേറ്റ് നിലവാരത്തില്‍ കളിച്ച നിരവധി കളിക്കാരും കളത്തിലിറങ്ങിയിരുന്നു.

ഒരു അഭിനയം എന്നതില്‍ കവിഞ്ഞ് പൊരിഞ്ഞ പോരാട്ടം തന്നെയാണ് കളിക്കളത്തിലും അരങ്ങേറിയിരിക്കുന്നത്. ക്രൗഡിന്റെ റിയാക്ഷന്‍ പോലും ശരിക്കും ക്യാമറ കണ്ണുകള്‍ പകര്‍ത്തിയിട്ടുണ്ട്. 40 ഡിഗ്രിക്ക് മുകളില്‍ ചൂടിലാണ് വിജയും സംഘവും കഷ്ടപ്പെട്ടത്. ദിവസം നാലു മണിക്കൂര്‍ പോലും ഉറങ്ങാന്‍ പറ്റാത്ത സാഹചര്യം നായകനും സംവിധായകനും വരെ ഉണ്ടായതായാണ് പുറത്ത് വരുന്ന വിവരം.

സ്‌പോട്‌സ് കൊറിയോഗ്രാഫര്‍മാരെയും ഡ്യൂപ്പിനേയും ഉപയോഗിക്കാതെ സ്വയം കളത്തിലിറങ്ങിയാണ് വിജയ് ഫുട്‌ബോള്‍ കളിച്ചിരിക്കുന്നത്. ഡ്യൂപ്പായിരുന്നു ശരിക്കും കളത്തിന് പുറത്തായിരുന്നത്. വിജയ് ഫുട്‌ബോള്‍ കളിച്ചത് പ്രൊഫക്ഷണല്‍ രീതിയിലാണെന്ന് ചിത്രീകരണത്തില്‍ സഹകരിച്ച ദേശീയ താരങ്ങളും വിലയിരുത്തുന്നുണ്ട്. അവരെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കളിക്കളത്തില്‍ ദളപതി കാഴ്ചവച്ചത്.

കളിക്ക് മാത്രമല്ല ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യമുള്ള സിനിമയാണ് ബിഗില്‍. പ്രമുഖ ഹാസ്യതാരങ്ങളായ യോഗി ബാബുവും വിവേകുമാണ് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ എത്തുന്നത്. നായിക നയന്‍താരക്കും ശക്തമായ വേഷമാണ് ഈ സിനിമയിലുള്ളത്. ബിഗിലില്‍ പൊളിറ്റിക്കല്‍ മെസേജ് ഉണ്ടെന്നും എന്നാല്‍ വിവാദ കാര്യങ്ങളില്ലെന്നുമാണ് സംഭാഷണം എഴുതിയ രമണഗിരി വ്യക്തമാക്കിയിരിക്കുന്നത്. വിജയ്‌യുടെ ആരാധകരെ സംബന്ധിച്ച് ആവേശപ്പെടുത്തുന്ന കാര്യമാണിത്.

അടുത്തയിടെ ഇറങ്ങിയ വിജയ്‌യുടെ രണ്ട് സിനിമകളും വലിയ വിവാദമാണുണ്ടാക്കിയിരുന്നത്. മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ വിമര്‍ശനത്തിനെതിരെ ബി.ജെ.പി ദേശീയ സെക്രട്ടറി തന്നെ രംഗത്ത് വരികയുണ്ടായി. നാഷണല്‍ മീഡിയകളിലും സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിജയ്‌ക്കെതിരെ ജാതിയ പരാമര്‍ശവുമുണ്ടായി. ജോസഫ് വിജയ് എന്നാണ് ബി.ജെ.പി സെക്രട്ടറി എച്ച്. രാജ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴകത്ത് അലയടിച്ചത്. സിനിമ സൂപ്പര്‍ ഹിറ്റാവാനും ഈ വിവാദം കാരണമായി.

മെര്‍സലിനെ അനുകൂലിച്ചും വിവാദ പരാമര്‍ശത്തെ എതിര്‍ത്തും ഡി.വൈ.എഫ്.ഐയും കോണ്‍ഗ്രസ്സും ശക്തമായി രംഗത്ത് വന്നിരുന്നു. ഈ സിനിമക്ക് ശേഷം ഇറങ്ങിയ എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ‘സര്‍ക്കാര്‍’ എന്ന സിനിമയും പ്രതിഷേധത്തിന് ഇരയായിരുന്നു. ഇതിനെതിരെ രംഗത്ത് വന്നത് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെയായിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും സര്‍ക്കാര്‍ സിനിമക്ക് എതിരെ രംഗത്തിറങ്ങുകയുണ്ടായി. എന്നാല്‍ ഈ സിനിമയും വമ്പന്‍ ഹിറ്റായിരുന്നു.

വിവാദങ്ങള്‍ എന്നും ദളപതിയുടെ സിനിമകള്‍ക്ക് പിന്നാലെ ഉണ്ടെന്നതാണ് ചരിത്രം. അതു കൊണ്ട് തന്നെ ബിഗിലും വിവാദമാകില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ക്കു പോലും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മെര്‍സല്‍ സിനിമയുടെ ക്യാമറമാന്‍ ജി.കെ വിഷ്ണു തന്നെയാണ് ഈ സിനിമക്കും കാമറ ചലിപ്പിച്ചിരിക്കുന്നത്. ഒരു സിനിമയിലും ഉപയോഗിക്കാത്ത കാമറകള്‍ വരെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഫുട്‌ബോള്‍ മത്സരങ്ങള്‍ എവിടെയൊക്കെ നടക്കുമോ അതുപോലെ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

സംവിധായകന്‍ അറ്റ്‌ലിയുടെ മാജിക്ക് ബിഗിലില്‍ പ്രകടമാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സൂപ്പര്‍ മേക്കിങ് ആണ് ദൃശ്യമാകുക എന്നാണ് അവര്‍ പറയുന്നത്. ടീസര്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബിഗിലിന്റെ ബിസിനസ് വേള്‍ഡ് വൈഡായി പൂര്‍ത്തിയാകുമെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാതാവ് തന്നെ വിജയ് ആരാധകനായതിനാല്‍ പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഒരു പിശുക്കും ഉണ്ടായിട്ടില്ല. ബിഗ് ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്ത്. ചൈനീസ് മാര്‍ക്കറ്റ് ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ബിഗില്‍ പുറത്തിറക്കുന്നത്. ഒരു സ്‌പോട്‌സ് സിനിമയാണോ എന്ന് ചോദിച്ചാല്‍ അതെ എന്നും അല്ലേ എന്ന് ചോദിച്ചാല്‍ അല്ലെന്നും പറയാനാണ് അണിയറ പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ താല്‍പ്പര്യം. കളിക്കളത്തിന് പുറത്താണ് ശരിയായ ‘കളി’എന്ന് സൂചിപ്പിക്കുന്നതാണ് ഈ പ്രതികരണം.

Staff Reporter

Top