നടന്റെ വീട്ടിലെ റെയ്ഡ്: വിശദീകരണവുമായി ആദായനികുതി വകുപ്പിന്റെ പത്രകുറിപ്പ്

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയിയുടെ വീട്ടിലെ റെയ്ഡില്‍ വിശദീകരണവുമായി ആദായനികുതി വകുപ്പിന്റെ പത്രകുറിപ്പ്. ബിഗില്‍ സിനിമയുടെ നിര്‍മാണ തുകയും അതിന്റെ ആഗോള കലക്ഷനായ 300 കോടിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡെന്ന് ആദായനികുതി വകുപ്പ് പത്രപ്രസ്താവനയില്‍ പറയുന്നു.

നടന്‍ ഉള്‍പ്പെടെ എജിഎസ് കമ്പനിയുടെ നിര്‍മാതാവ്, വിജയിയുടെ വിതരണക്കാരന്‍, ബിനാമി ഇടപാടുകാരനായ അന്‍പു ചെഴിയന്‍ എന്നിങ്ങനെ നാലുപേരെയാണ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.

നിര്‍മാതാക്കളുടെ ഓഫീസ് ഉള്‍പ്പടെ ചെന്നൈയിലും മധുരയിലുമായി 38 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. അതില്‍ നിന്നും അന്‍പു ചെഴിയന്റെ പക്കല്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 77 കോടി കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂമിഇടപാട് രേഖകള്‍, ചെക്കുകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളുടെ വിവരങ്ങള്‍ കണ്ടെത്തി വരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബിഗില്‍ സിനിമയ്ക്ക് വിജയ് കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് നടന് കുരുക്കായത്.ഈ കേസുമായി ബന്ധപ്പെട്ട് 300 കോടിക്കു മുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല തുകകള്‍, ആകെ ചിലവുകള്‍ ഇവയൊക്കെ അന്വേഷണപരിധിയിലാണ്. നടന്‍ വിജയിയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

Top