30 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിക്കുന്നു, രേഖകള്‍ പിടിച്ചെടുത്ത് അധികൃതര്‍

ചെന്നൈ: 30 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ തമിഴ് സിനിമാനടന്‍ വിജയ്യുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയായി. ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് പരിശോധന തുടങ്ങിയത്.

ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. പരിശോധനയുടെ ഭാഗമായി വിജയ്യെ നെയ്വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് ബുധനാഴ്ച രാത്രി ഒന്‍പതിനാണ് ഇസിആര്‍ റോഡിലെ വീട്ടിലെത്തിച്ചത്.

നേരത്തെ, ബിഗില്‍ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്നു 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ, മധുര എന്നിവിടങ്ങളിലാണു പരിശോധന നടക്കുന്നത്. നേരത്ത സിനിമ ഫിനാന്‍ഷ്യറായ അന്‍പുചെഴിയനില്‍ നിന്നും 65 കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ നിന്നും 50 കോടിയും മധുരയില്‍ നിന്നു 15 കോടിയുമാണ് കണക്കില്‍പ്പെടാത്ത പണമായി ലഭിച്ചത്.

ബിഗില്‍ എന്ന ചിത്രത്തില്‍ 30 കോടി രൂപ താരം പ്രതിഫലം വാങ്ങിയതായാണ് പുറത്ത് വരുന്ന വിവരം. നടനു നല്‍കിയ പ്രതിഫലം സംബന്ധിച്ച് അന്‍പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്.

Top