സകല സൂപ്പര്‍സ്റ്റാറുകളെയും പിന്തള്ളി താരങ്ങളുടെ ‘രാജാവായി’ നടന്‍ വിജയ്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കാണ് നടന്‍ വിജയ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അദ്ദേഹം മറികടന്നിരിക്കുന്നത് രജനീകാന്ത്, അജിത്ത്, തെലുങ്കു താരങ്ങളായ മഹേഷ് ബാബു, പ്രഭാസ് എന്നിവരെയാണ്. യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട താരവും ദളപതി വിജയ് തന്നെയാണ്. ‘മാസ്റ്റര്‍’ സെല്‍ഫിയുടെ ട്വീറ്റ് തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതിയ വിലയിരുത്തല്‍. 2020ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായാണ് മാസ്റ്റര്‍ ട്വീറ്റ് മാറിയിരിക്കുന്നത്.

ഇളയദളപതി വിജയ് തന്നെയെടുത്ത സെല്‍ഫിയാണിത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ദളപതിയുടെ സെല്‍ഫിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയ്‌യുടെ വീഡിയോയാണ് സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് വൈറലായിരുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മാത്രമല്ല ബോളിവുഡിനെ പോലും അമ്പരപ്പിച്ച റെക്കോര്‍ഡാണിത്.

കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ ദളപതിയെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നത്. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ ആ നീക്കം വലിയ പ്രതിഷേധത്തിനാണ് വഴിമരുന്നിട്ടിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരാധകരുടെ വലിയ ഒഴുക്ക് തന്നെയായിരുന്നു ചിത്രീകരണ സ്ഥലത്തേക്ക് ഉണ്ടായിരുന്നത്. ഇവരെ അഭിവാദ്യം ചെയ്യാന്‍ കാരവാന് മുകളില്‍ കയറിയ വിജയ് ആണ് ‘വൈറല്‍’ സെല്‍ഫിയെടുത്തിരുന്നത്.

രാഷ്ട്രീയ മേഖലയിലും ഈ സെല്‍ഫി വലിയ തരംഗമായിരുന്നു. മോദി സര്‍ക്കാറിനുള്ള സൂപ്പര്‍ മറുപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഈ നടപടിയെ വിലയിരുത്തിയിരുന്നത്. എന്തും നേരിടാന്‍ തനിക്കൊപ്പം ആരാധക കരുത്ത് ഉണ്ടെന്ന സന്ദേശമാണ് സെല്‍ഫിയിലൂടെ വിജയ് നല്‍കിയത്. 2020 ഫെബ്രുവരിയിലായിരുന്നു ഈ സംഭവം.’ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകളെ ബന്ധപ്പെടുത്തി നടന്ന അന്വേഷണമാണ് ദളപതിയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നത്. ഒടുവില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതിലാണ് ഈ റെയ്ഡും കലാശിച്ചിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ തന്റെ സിനിമകളിലൂടെ ശക്തമായാണ് വിജയ് വിമര്‍ശിച്ചിരുന്നത്. ബി.ജെ.പി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ പരസ്യമായാണ് രംഗത്ത് വന്നിരുന്നത്.’ജോസഫ് വിജയ് ‘ എന്നു പോലും അദ്ദേഹത്തെ വിമര്‍ശിക്കുകയുണ്ടായി. ഈ എതിര്‍പ്പുകളെല്ലാം ദളപതിയുടെ താരപ്പകിട്ട് വര്‍ദ്ധിപ്പിക്കാനാണ് കാരണമായിരിക്കുന്നത്. ഇപ്പോഴത്തെ ട്വീറ്റ് തരംഗം നല്‍കുന്ന സൂചനയും അതു തന്നെയാണ്.

Top