നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ ചീറ്റ്

ചെന്നൈ: നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ആദായനികുതിവകുപ്പ്. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ട്. വിജയ്‌യുടെ വീട്ടില്‍ ഐടി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു.

മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. അതേ സമയം, വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. ഇതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ നടന്റെ ഉടമസ്ഥതയില്‍ വാങ്ങിയ ഭൂമിയിടപാടുകളില്‍ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമിയിടപാടുകളുണ്ടോ എന്നുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ബിഗില്‍ സിനിമയുടെ ഫിനാന്‍ഷ്യര്‍ അന്‍പു ചെഴിയനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

Top