വിജയ് ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്

തിയറ്ററില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന വിജയ് ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസ്. ഹൈദരാബാദ് ഗച്ചിബോവ്ലി പൊലീസാണ് നവാഗത സംവിധായകനായ നന്ദി ചിന്നി കുമാറിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.

മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോള്‍ എന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കഥയുടെ ഉടമസ്ഥാവകാശം താന്‍ നേരത്തെ വാങ്ങിയിരുന്നതാണെന്നും അത് തെറ്റിച്ചാണ് ബിഗില്‍ സിനിമ എടുത്തതെന്നുമാണ് പരാതി.

നിര്‍മ്മാതാക്കള്‍ക്കൊപ്പം അഖിലേഷ് പോളിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഏത് ഭാഷയിലും ഫീച്ചര്‍ സിനിമയെടുക്കാനുള്ള അനുവാദം നല്‍കിയാണ് അഖിലേഷ് പോള്‍ ചിന്നി കുമാറുമായി കരാറൊപ്പിട്ടത്. 12 ലക്ഷം രൂപയുടെ കരാര്‍ പ്രകാരം അഞ്ച് ലക്ഷം രൂപ അഖിലേഷ് കൈപ്പറ്റി. സിനിമാ ചിത്രീകരണത്തിനു ശേഷവും റിലീസിനു മുന്‍പുമായി ബാക്കി പണം നല്‍കാമെന്നുമായിരുന്നു കരാര്‍.

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനു മുതല്‍ സംവിധായകന്‍ ആറ്റ്‌ലിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും അതിനു സാധിച്ചില്ലെന്നും ചിന്നി കുമാര്‍ പറയുന്നു. ഗുണ്ടാജീവിതം ഉപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരനായ ആളാണ് അഖിലേഷ് പോള്‍. ഈ കഥയാണ് ബിഗില്‍ പറയുന്നത്.

Top