സൂര്യയുടെ നീക്കം എല്ലാം കണക്ക് കൂട്ടി ! തെരഞ്ഞെടുപ്പിലും ഉണ്ടാകും ഇനി അജണ്ട

ടന്‍ സൂര്യയുടെ നീക്കങ്ങളില്‍ ആശങ്കയോടെ സംഘപരിവാര്‍ സംഘടനകള്‍. രജനിയെ മുന്‍ നിര്‍ത്തി തമിഴക ഭരണം പിടിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് സൂര്യ വില്ലനാകുമോ എന്നാണ് തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളിപ്പോള്‍ ഉറ്റുനോക്കുന്നത്. വിവാദങ്ങളില്‍ നിന്നും എന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സൂര്യ ഇതുവരെ രാഷ്ട്രിയ സൂചനകളൊന്നും തന്നെ നല്‍കിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി സൂര്യ നടത്തിയ പ്രതികരണം തമിഴകത്ത് വലിയ കൊടുങ്കാറ്റാണ് സൃഷ്ട്ച്ചിരിക്കുന്നത്.

മഹാത്മ ഗാന്ധിയെ വധിച്ച ഗോഡ് സയെ അല്ല അതിന് അയാള്‍ക്ക് പ്രചോദനമായ സിദ്ധാന്തത്തെയാണ് എതിര്‍ക്കേണ്ടതെന്നാണ് സൂര്യ തുറന്നടിച്ചിരിക്കുന്നത്. തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇ.വി രാമസ്വാമിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സൂര്യ തന്റെയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അതേ ചൊല്ലി ഇന്ത്യയില്‍ വ്യാപകമായി ജാതി-മത സംഘര്‍ഷങ്ങളാണുണ്ടായിരുന്നത്. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള്‍ പെരിയോര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. ‘ഗോഡ്‌സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം’എന്നതായിരുന്നു ഈ വാക്കുകള്‍.

പെരിയോര്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ ചുറ്റുംനിന്ന ആളുകളോടായി പെരിയോര്‍ നല്‍കിയ വിശദീകരണമാണ് മാസായിരുന്നത്.’ഗാന്ധിജിയുടെ മരണത്തിന് ഗോഡ്‌സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. ഗോഡ്‌സെ ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍’. പെരിയോറിന്റെ ഈ വാക്കുകള്‍ പുതിയ കാലത്തും പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീവ്ര കാവി രാഷ്ട്രീയത്തിനെതിരെ സൂര്യ രംഗത്ത് വന്നിരിക്കുന്നത്.

‘കാപ്പാന്‍’ സിനിമയുടെ പ്രമോഷന്‍ പരിപാടിയിലായിരുന്നു സൂര്യയുടെ ഈ പരാമര്‍ശമെങ്കിലും അത് നിസാരമായി കാണാന്‍ രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ തയ്യാറല്ല. സംഘപരിവാറിനെതിരായ സൂര്യയുടെ നിലപാടായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ പരാമര്‍ശങ്ങളെ നോക്കികാണുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രജനിയും കമലും ഉള്‍പ്പെടെ രംഗത്തിറങ്ങുന്നതിനാല്‍ യുവതാരങ്ങളുടെ നിലപാടും ഇവിടെ നിര്‍ണ്ണായകമാണ്. രണ്ട് സൂപ്പര്‍ താരങ്ങള്‍ തമിഴക ഭരണം പിടിക്കാന്‍ ഇറങ്ങുമ്പോള്‍ യുവതാരങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രസക്തമായ കാര്യം തന്നെയാണ്. ഇതില്‍ വിജയ്, അജിത്ത് എന്നിവരെ പോലെ തന്നെ സൂര്യയുടെയും വിജയ് സേതുപതിയുടെയുമെല്ലാം നിലപാടുകളും സ്വാധീനംചെലുത്തും.

ദളപതി വിജയ് മുന്‍പ് തന്നെ രാഷ്ട്രീയ താല്‍പ്പര്യം തുറന്ന് പ്രകടിപ്പിച്ച വ്യക്തിയാണ്. അടുത്തയിടെ പുറത്തിറങ്ങിയ മെര്‍സല്‍ , സര്‍ക്കാര്‍ സിനിമകളിലൂടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ചാണ് വിജയ് രംഗത്ത് വന്നിരുന്നത്. മെര്‍സല്‍ സിനിമയിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ പരസ്യമായി രംഗത്ത് വരികയുണ്ടായി.നിരവധി പ്രതിഷേധങ്ങളാണ് ഇതേ ചൊല്ലി തമിഴകത്ത് അരങ്ങേറിയത്. ദേശീയ മാധ്യമങ്ങളില്‍ വരെ സംഭവം വിവാദമായി.

സര്‍ക്കാര്‍ എന്ന സിനിമയിലൂടെ ജയലളിതയെ അപമാനിച്ചതായാണ് പിന്നീട് ആരോപണമുയര്‍ന്നത്. അണ്ണാ ഡി.എം.കെയാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നത്. ദളപതിയുടെ പുതിയ സിനിമയായ ബിഗിലില്‍ ഇനി എന്ത് രാഷ്ട്രീയമാണ് പറയുന്നതെന്ന ആകാംഷയിലാണിപ്പോള്‍ തമിഴകം. വനിതാ ഫുട്ബോള്‍ ടീമിനെ മുന്‍ നിര്‍ത്തിയുള്ള ഈ സിനിമയിലും രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് സൂചന.

രാഷ്ട്രിയത്തിലിറങ്ങാന്‍ അനുയോജ്യമായ അവസരത്തിനായാണ് വിജയ് ഇപ്പോള്‍ കാത്തിരിക്കുന്നത്. രജനിയുടെയും കമലിന്റെയും ഊഴം കഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങാം എന്നതാണ് ദളപതിക്ക് ലഭിച്ചിരിക്കുന്ന വിദഗ്ധ ഉപദേശം. രജനിയും കമലും നേര്‍ക്കു നേര്‍ പോരാടുന്ന തിരഞ്ഞെടുപ്പില്‍ ഏത് പക്ഷത്താണ് യുവതാരങ്ങള്‍ നിലയുറപ്പിക്കുക എന്നതും പ്രസക്തമാണ്. വിജയ് ഇത്തവണ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലങ്കില്‍ അദ്ദേഹത്തിന്റെ പിന്തുണ രജനിയും കമലും മാത്രമല്ല ഡി.എം.കെപോലും ആഗ്രഹിക്കുന്നുണ്ട്.

ജയലളിതയുമായി ഏറെ അടുപ്പം പുലര്‍ത്തിയ ‘തല’ എന്നറിയപ്പെടുന്ന അജിത്തിനായി അണ്ണാ ഡി.എം.കെയും നിലവില്‍ സമ്മര്‍ദ്ദമുയര്‍ത്തുന്നുണ്ട്. നടന്‍ കമല്‍ ഹാസനുമായി വ്യക്തിപരമായുള്ള അടുപ്പം അജിത്തിനെ മക്കള്‍ നീതിമയ്യത്തിന് പിന്തുണ നല്‍കുന്നതിലും എത്തിക്കാന്‍ സാധ്യതയുണ്ട്.

രജനിയുടെ പിന്‍ഗാമിയായി സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിനായി മത്സരിക്കുന്ന താരങ്ങളാണ് വിജയ് യും അജിത്തും. വലിയ ആരാധക കൂട്ടങ്ങള്‍ തമിഴകത്തെ കുഗ്രാമങ്ങളില്‍ പോലും ഇരുവര്‍ക്കുമുണ്ട്. ഇതുപോലെ തന്നെ സൂര്യക്കും വിജയ് സേതുപതിക്കും ആരാധക പിന്തുണ വര്‍ദ്ധിച്ച് വരികയുമാണ്.

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് ഈ സൂപ്പര്‍ താരങ്ങളുടെ നിലപാട് വിധിയെഴുത്തിനെ വളരെയേറെ സ്വാധീനിക്കും. സൂപ്പര്‍ താര പദവിയില്‍ നിന്നും തമിഴക മുഖ്യമന്ത്രിയായവരാണ് എം.ജി രാമചന്ദ്രനും, ജയലളിതയും. ഈ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം പ്രധാന പ്രതിപക്ഷമായ ഡി.എം.കെക്കും ഇപ്പോഴുണ്ട്. അതു കൊണ്ട് തന്നെയാണ് നടന്‍ കൂടിയായ മകന്‍ ഉദയനിധി സ്റ്റാലിനെ മുന്‍ നിര്‍ത്തി താരങ്ങളെ സ്വാധീനിക്കാന്‍ എം.കെ സ്റ്റാലിന്‍ തന്നെ ചരട് വലിക്കുന്നത്.

വിജയ്,സൂര്യ, ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര തുടങ്ങി നിരവധി താരങ്ങളെ ഒപ്പം നിര്‍ത്താന്‍ ഡി.എം.കെയും ഇപ്പോള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ മുഴുവന്‍ തൂത്ത് വാരിയിരുന്നത് ഡി.എം.കെ സഖ്യമായിരുന്നു. ഈ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകില്ലന്ന് തിരിച്ചറിഞ്ഞാണ് പുതിയ കരുനീക്കം.

തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒപ്പം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന യുവതാരങ്ങളില്‍ മുന്‍നിരയിലാണ് സൂര്യയുടേയും സ്ഥാനം. അദ്ദേഹത്തിന്റെ സഹോദരന്‍ നടന്‍ കാര്‍ത്തിക്കും ശക്തമായ ഫാന്‍സ് അസ്സോസിയേഷന്‍ തമിഴകത്ത് നിലവിലുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ സഹോദരങ്ങള്‍ സജീവമാണ്. പ്രളയത്തില്‍പെട്ട് പിടഞ്ഞ കേരളത്തിന് വലിയ സാമ്പത്തിക സഹായമാണ് സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് നല്‍കിയിരുന്നത്. സൂര്യയുടെ ഗോഡ്‌സെ നിലപാടിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

Political Reporter

Top