മുംബൈ അധോലോകം തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് നടൻ സുനില്‍ ഷെട്ടി

മുംബൈ: നായകനായി തിളങ്ങിയിരുന്ന 1990 കളിൽ തനിക്ക് ബോംബെ അധോലോകത്തിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി സുനില്‍ ഷെട്ടി. എന്നാല്‍ ഇത്തരം ഭീഷണികളെ താന്‍ വ്യക്തിപരമായി തന്നെ കൈകാര്യം ചെയ്തിരുന്നതായും സുനിൽ ഷെട്ടി വെളിപ്പെടുത്തി.

അടുത്തിടെ ബാര്‍ബര്‍ഷാപ്പ് വിത്ത് ശാന്തനു എന്ന പോഡ്‌കാസ്റ്റിലാണ് മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് താരം സംസാരിച്ചത്. അന്ന് മുംബൈ അധോലോകം വളരെ ശക്തമായിരുന്നു അവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ വഴി പലപ്പോഴും ഭീഷണിപ്പെടുത്തും. അത് ചെയ്യണം, ഇത് ചെയ്യണം എന്ന് നിര്‍ദേശിക്കും. എന്നാല്‍ ഞാന്‍ അത്തരം നിര്‍ദേശങ്ങളെ അവഗണിക്കും. അവര്‍ക്കെതിരെ ഫോണില്‍ തര്‍ക്കിക്കും. അവരെ അവഗണിക്കും.

പരുഷമായ ഭാഷയിൽ പ്രതികരിക്കരുതെന്ന് പോലീസ് ആ സമയത്ത് എന്നോട് നിരന്തരം പറഞ്ഞിരുന്നു. അധോലോക സംഘങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ വധിക്കാന്‍ പോലും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയെന്ന് സുനില്‍ ഷെട്ടി പരാമർശിച്ചു. എന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുന്ന ഭീഷണിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണെന്ന് ഒരിക്കലും കുടുംബത്തെ അറിയിച്ചില്ലെന്നും സുനില്‍ ഷെട്ടി വെളിപ്പെടുത്തി.

ആക്ഷൻ ത്രില്ലർ വെബ് സീരീസായ “ഹണ്ടേഴ്‌സ്: ടൂട്ടെഗാ നഹി, തൊഡേഗ” യിലാണ് അവസാനമായി സുനില്‍ ഷെട്ടി അഭിനയിച്ചത്. മലയാളത്തില്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു.

അടുത്തിടെ ഒരു ഫുഡ് ഡെലിവറി ആപ്പ് സുനില്‍ ഷെട്ടി അവതരിപ്പിച്ചിരുന്നു. വായു എന്നാണ് ആപ്പിന്റെ പേര് ഭക്ഷണശാലകള്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ കുറച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. അതുവഴി ഉപയോക്താവിന് കുറഞ്ഞ വിലയില്‍ ഭക്ഷണം എത്തിക്കാനാണ് പദ്ധതിയെന്നാണ് ഈ ആപ്പ് പുറത്തിറക്കി കഴിഞ്ഞ വ്യാഴാഴ്ച സുനില്‍ ഷെട്ടി പറഞ്ഞത്.

Top