ബി.എം.ഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി നടൻ സൗബിന്‍ ഷാഹിർ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് സൗബിൻ ഷാഹിർ. അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ സൗബിൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ബൈക്ക് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ മഞ്ജു വാര്യരും ഇതേ ബൈക്ക് സ്വന്തമാക്കിയിരുന്നു. മകനും ഭാ​ര്യയ്ക്കും ഒപ്പമാണ് സൗബിൻ ബൈക്ക് വാങ്ങാൻ എത്തിയത്. ഇതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബൈക്കിൽ ഇരുന്ന് താരം റൈഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 23.10 ലക്ഷം രൂപയാണെന്നാണ് വിവരം.

ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. ഇതിന്റെ പ്രത്യേക പതിപ്പായാണ് ട്രോഫി എഡിഷന്‍ എത്തിച്ചിരിക്കുന്നത്. 1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.

Top