പാവങ്ങൾക്ക് വേണ്ടി കെ‌ട്ടിടങ്ങൾ പണയം വെച്ചു; സഹായിക്കുന്നത് തന്റെ കടമയെന്ന് സോനു

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ഒരുപാട് സാധാരണക്കാർക്ക് കൈത്താങ്ങായ നടൻ ആണ് സോനു സൂദ്. ലോക് ഡൗണിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ബസ് ഒരുക്കിയ സോനു ജോലി നഷ്ടപ്പെട്ടവരെയും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവരെയും ചികിത്സിക്കാൻ പണമില്ലാത്ത നിർധനരെയും സാമ്പത്തികമായും ഒരുപാട് സഹായിച്ചിരുന്നു.

കൂടാതെ മൊബെെൽ നെറ്റ് വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലെെൻ പഠനം തകരാറിലായ ഹരിയാനയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് ടവർ സ്ഥാപിച്ച് നൽകുകയും ചെയ്തിരുന്നു താരം. കോവിഡ്‌ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവമായ സോനുവിനെ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഒരുപാട് പേരാണ് പിന്തുണച്ചത്. ഇതിലൂടെ ഐക്യരാഷ്ട്ര സഭയുടെ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡിനും പഞ്ചാബ്​ തെരഞ്ഞെടുപ്പ്​ കമീഷന്റെ സ്​റ്റേറ്റ്​ ഐക്കണിനും സോനു അർഹനായിട്ടുണ്ട്. ​

എന്നാൽ ഈ സഹായങ്ങളൊക്കെ സോനു ചെയ്തത് സ്വന്തം വസ്തു പണയം വെച്ചിട്ടാണെന്നാണ് പുതിയ റിപ്പോർട്ട്. 10 കോടിയോളം രൂപ വായ്പ എടുത്തതായാണ് റിപ്പോർ‌‌ട്ടുകൾ. ജുഹുവിലും ബാന്ദ്രയിലുമായി തന്റെയും ഭാര്യ സൊണാലി സൂദിന്റെയും ഉടമസ്ഥതയിലുള്ള എട്ടോളം കെ‌ട്ടിടങ്ങൾ പണയം വച്ചാണ് നടൻ ഈ പണം സമാഹരിച്ചത്. അതിൽ ആറ് ഫ്ലാറ്റുകളും രണ്ട് കടകളും ഉൾ‌പ്പെ‌ടുന്നുവെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു. കെട്ടിടങ്ങളുടെ വാടകയിനത്തിൽ നിന്ന് ലഭിക്കുന്ന പണമാണ് സോനു ഇപ്പോൾ ബാങ്കിൽ തിരിച്ചടയ്ക്കുന്നത്. ദുരിതത്തിലായ സഹോദരങ്ങളെ സഹായിക്കുന്നത് തന്റെ കടമയാണെന്നും അവസാന ശ്വാസം വരെ അത് തുടരുമെന്നും സോനു വ്യക്തമാക്കി.

Top