കൊവിഡ് ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങാകണം, പ്രവര്‍ത്തനസജ്ജരാകൂ: സോനു സൂദ്

മുംബൈ: കൊവിഡില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ബോളിവുഡ് നടന്‍ സോനു സൂദ്. കൊവിഡ് കാരണം ഒട്ടനവധിപേര്‍ പ്രതിസന്ധി നേരിടുന്നുവെന്നും ഇവരെ സഹായിക്കാന്‍ കൂടുതല്‍ സഹായഹസ്തങ്ങളുണ്ടാകണമെന്നും താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.

സഹായം അഭ്യര്‍ഥിച്ച് തനിക്ക് വന്ന ഫോണ്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് കൂടുതല്‍ സന്മനസ്സുകള്‍ മുന്നോട്ട് വരണമെന്ന് നടന്‍ പറഞ്ഞത്. ‘തന്നാല്‍ കഴിയുന്നത്ര ആളുകളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരുമായും ബന്ധപ്പെടാനും പരമാവധി ശ്രമിക്കുന്നു. എല്ലാവരും ദയവായി മുന്നോട്ട് വരൂ. നമുക്ക് കൂടുതല്‍ സഹായ ഹസ്തങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ കഴിവുകളുടെ പരമാവധി ചെയ്യൂ’. സോനു സൂദ് കുറിച്ചു.

കുറച്ച് ദിവസം മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റൈനിലായിരിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സേവനങ്ങളുമായി താരം നിരവധി പേര്‍ക്ക് സഹായമെത്തിച്ചിരുന്നു.

ലോക്ക് ഡൗണില്‍ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും അവരുടെ വീടുകളില്‍ മടങ്ങിയെത്താന്‍ സഹായിച്ച് ജനങ്ങളുടെ റിയല്‍ ഹീറോയായ സോനു സൂദിനെ ഈ മാസം തുടക്കത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു.

 

Top